മൈലാഞ്ചി മണമുള്ള രാത്രികള്‍
ഇന്ന്‍ എന്‍റെ രാത്രികള്‍ക്ക് മൈലാഞ്ചിപ്പൂവിന്‍റെ മണമാണ്.മനസ്സിനെ കുളിരണിയിക്കുന്ന നനവുള്ള ഗന്ധമാണ്.ഭൂതകാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞ; വര്‍ത്തമാനകാലത്തിന്റെ വിരസതകളില്‍ നിന്നും ആവര്‍ത്തനങ്ങളില്‍ നിന്നും എന്നെ പിന്‍വിളിക്കുന്ന നനുത്ത ഒരു ഓര്‍മയാണ് മൈലാഞ്ചിപ്പൂമണം.ഇത് ഒരു പ്രണയത്തിന്‍റെ ഓര്‍മയല്ല ; ഒരു തലോടലിന്റെ ഓര്‍മയാണ്.
കുട്ടിക്കാലത്തെ എന്‍റെ കൂട്ടുകാരിയും ,വഴികാട്ടിയും ,സംരക്ഷകയും ,അന്നദാതാവുമായിരുന്ന വല്യുമ്മയുടെ തലോടലാണ്പ്പൂമണത്തിലൂടെ ഞാന്‍ ഓര്‍ത്തെടുക്കുന്നത് .വല്ലാത്ത ഒരു ഒറ്റപ്പെടല്‍ അനുഭവിക്കുമ്പോഴെല്ലാം മനസ്സുകൊണ്ട് ഞാന്‍ എന്നും ഓടിയടുക്കുന്നത് എന്‍റെ ഉമ്മയുടെയും വല്യുമ്മയുടെയും അരികിലേക്കായിരുന്നു .ഉമ്മയെ ഇന്നെനിക്ക് തൊട്ടറിയാം എങ്കില്‍ വല്യുമ്മയുടെ അരികിലെത്താന്‍ചില കുട്ടിക്കാല ഓര്‍മകളിലേക്ക് ചില ആന്തരികസ്മൃതികളിലെക്ക് പതിയേ തെന്നിവീഴണം.........
തണല്‍ തേടി സുഗന്ധം തേടി ഞാന്‍ ഒടിയണയാറുണ്ടായിരുന്ന ആ മൈലാഞ്ചിമരത്തിന്‍റെ തണലോ പൂക്കളുടെ സുഗന്ധമോ ഇന്നില്ല. ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ അത് എനിക്ക് നഷ്ട്ടമായിരിക്കുന്നു .
മൈലാഞ്ചിമണമുള്ള രാത്രികള്‍ ഇന്ന്‍ എനിക്ക് കണ്ണീരോര്‍മ ആണെങ്കില്‍ ;ബാല്യകാല ഓര്‍മകളില്‍ ഒളി മങ്ങാതെ നില്‍ക്കുന്ന ചിത്രങ്ങളാണവ..... എന്‍റെ പച്ചത്തുരുത്ത് ....മൈലാഞ്ചിമണമുള്ള രാത്രികളുടെ പ്രത്യേകത എന്താണ് എന്നാവാം നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത് പറയാം .;കുട്ടിക്കാലത്ത് അമ്മയുടെ ചേച്ചിയുടെ വീട്ടില്‍ അവരുടെ മക്കള്‍ക്കൊപ്പമാണ് ഞാന്‍ താമസിച്ചിരുന്നത്.മൂത്തുമ്മയുടെ മക്കള്‍ക്ക് എന്നെക്കാളും രണ്ടോ മൂന്നോ വയസ്സ് മാത്രമേ പ്രായ വ്യത്യാസമുള്ളൂ.അവരൊക്കെയാണ് എന്‍റെ ബാല്യത്തെ ഓര്‍മ്മകള്‍ കൊണ്ട് സമ്പന്നമാക്കിത്തീര്‍ത്തത് .മഴയില്ലാത്ത രാത്രികളില്‍ പഞ്ചാരമണല്‍ വിരിച്ച മുറ്റത്ത് ഒരു കോണിലായി നില്‍ക്കുന്ന മൈലാഞ്ചിമരത്തിന്‍റെ ചോട്ടില്‍ പായ വിരിച്ച് ആകാശം നോക്കി അങ്ങനെ ഞങ്ങള്‍ കിടക്കും...........നടുക്ക് വല്യുമ്മ .മെലിഞ്ഞുണങ്ങിയ വല്യുമ്മയുടെ ശരീരത്തോട് ഒട്ടിച്ചേര്‍ന്ന് കിടന്നപ്പോള്‍ എനിക്ക് കിട്ടിയ ആത്മനിര്‍വൃതി എത്രത്തോളം ആണെന്ന്‍ അറിയില്ല. സുരക്ഷിതത്തിന്റെ പരകോടിയില്‍ എത്തിയ അനുഭവമാണപ്പോള്‍ തോന്നുന്നത്. മൈലാഞ്ചിമരത്തിനിടയിലൂടെ ആകാശത്ത് നക്ഷത്രങ്ങള്‍ എന്നെ നോക്കി കണ്ണ് ചിമ്മാറുണ്ടായിരുന്നു .നിലാവിനെ നോക്കി ഞാന്‍ കണ്ണുകള്‍ കൊണ്ട് ചിരിച്ചിരുന്നു .വല്യുമ്മയുടെ ശരീരത്തോട് ഒട്ടിച്ചേര്‍ന്ന് കഥകള്‍ കേട്ടങ്ങനെ എത്ര നേരം കിടന്നാലും മതിവരില്ല.
കടലിനടിയിലെ കൊട്ടാരത്തില്‍ തടവിലാക്കപ്പെട്ട രാജകുമാരിയെ രക്ഷിക്കാന്‍ എങ്ങു നിന്നോ എത്തുന്ന രാജകുമാരനായിരുന്നു എന്‍റെ മനസ്സ് നിറയെ ......
കെട്ടുകഥകള്‍ക്കു പുറമേ സ്വാതന്ത്ര്യസമര ചരിത്രവും ടിപ്പുവിന്റെ പടയോട്ടവും ഒക്കെ ചേര്‍ന്നുള്ള അനുഭവ കഥകളും കേട്ടാണ് ഓരോ രാത്രിയും ഞാന്‍ ഉറങ്ങിയത്. ഒടുവില്‍ വല്യുമ്മയുടെ മരണശേഷം പള്ളിപ്പറമ്പിലെ ഖബറിടത്തില്‍ തളിര്‍ത്തു നില്‍ക്കുന്ന മൈലാഞ്ചിച്ചെടി പൂവിട്ടത് കണ്ടപ്പോള്‍ തങ്കത്താല്‍ നിര്‍മിച്ച സൂചി കൊണ്ട് ഖല്‍ബില്‍ ആരോ കുത്തിക്കുത്തി രസിക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്.
വല്യുമ്മയുടെ കുപ്പായക്കീശയിലെ നാണയത്തുട്ടുകളാല്‍ ഒരുക്കപ്പെട്ടവയാണ് എന്‍റെ കുട്ടിക്കാല രുചികളൊക്കെയും. അന്ന് തിന്ന തേന്‍ മിട്ടായിയുടെ മധുരം നാവില്‍ ഇപ്പോഴും കിനിയുന്നുണ്ട്. ഞാന്‍ ഇത് എഴുതുന്നത് ഡിസംബര്‍ മാസത്തിലെ കുളിരുള്ളോരു രാത്രിയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ; ഒരു റംസാന്‍ മാസത്തിലെ പൂര്‍ണചന്ദ്രന്‍ ഒളി ചിതറിയ പതിനാലാം രാവിലാണ്. വല്യുമ്മയുടെ മരണം സംഭവിക്കുന്നത്. ഇതൊരു യാദൃശ്ചികത ആണോ എന്നു എനിക്ക് അറിയില്ല.
മൈലാഞ്ചിപൂമണമുള്ള രാത്രികളെ ഓര്‍മയുടെ മഷിയില്‍ മുക്കിയ പേന കൊണ്ട് താളിലേക്ക് പകര്‍ത്തി എഴുതുമ്പോള്‍ എവിടെ നിന്നോ കാറ്റ് മൈലാഞ്ചിപൂമണത്തെ എനിക്കായി തട്ടിപ്പറിച്ചു കൊണ്ടുവരുന്നുണ്ട്. .............എന്‍റെ അരികില്‍ നിന്ന ഒരു ചുക്കി ചുക്കിച്ചുളുങ്ങിയ നേര്‍ത്ത കൈ കൊണ്ട് എന്‍റെ നെറുകയില്‍ ആരോ തലോടുന്നുണ്ട്. ഈ മൈലാഞ്ചിമരത്തിലാണ് എന്‍റെ വാക്കുകള്‍ പൂത്തത്. ഇവിടമാണ് എന്‍റെ വാക്ക് പൂക്കുന്ന ഇടം ..........................................
മൈലാഞ്ചിപൂമണമുള്ള രാത്രികളെ ഓര്‍മയുടെ മഷിയില്‍ മുക്കിയ പേന കൊണ്ട് താളിലേക്ക് പകര്‍ത്തി എഴുതുമ്പോള്‍ എവിടെ നിന്നോ കാറ്റ് മൈലാഞ്ചിപൂമണത്തെ എനിക്കായി തട്ടിപ്പറിച്ചു കൊണ്ടുവരുന്നുണ്ട്. .............എന്‍റെ അരികില്‍ നിന്ന ഒരു ചുക്കി ചുക്കിച്ചുളുങ്ങിയ നേര്‍ത്ത കൈ കൊണ്ട് എന്‍റെ നെറുകയില്‍ ആരോ തലോടുന്നുണ്ട്. ഈ മൈലാഞ്ചിമരത്തിലാണ് എന്‍റെ വാക്കുകള്‍ പൂത്തത്. ഇവിടമാണ് എന്‍റെ വാക്ക് പൂക്കുന്ന ഇടം ..........................................